*അപൂർണമായ ചിരികൾ*

എല്ലാവരും എന്നും വായിക്കേണ്ട. 
രണ്ട് പുസ്തകമുണ്ട്. 
അവനൊന്ന്, ചുറ്റുമുള്ള 
പ്രകൃതി മറ്റൊന്ന് 
      - കുഞ്ഞുണ്ണി മാഷ്



വളരെ അപ്രതീക്ഷിതമായിട്ടാണ് കോട്ടയത്തേക്ക് ഒരു യാത്ര തരപ്പെട്ടു കിട്ടിയത്. യാത്ര വളരെ ഇഷ്ടം ആയതിനാലും ,വീട്ടിൽ വെറുതെ ബോറടിച്ച് ഇരിക്കുകയായിരുന്നതിനാലും കേട്ടപാതി കേൾക്കാത്ത പാതി ഞാനും ചാടിക്കയറി.
ആരെ കാണാനാണ്? എന്താണ് പ്രശ്നം? എന്നൊന്നും അപ്പോൾ  എൻറെ തലയിൽ പുകഞ്ഞില്ല ..
ഒരു യാത്ര !!
അത്ര തന്നെ

ഒരു അവസരം കിട്ടിയപ്പോൾ നിരസിക്കാൻ തോന്നിയില്ല. പൊയ്ക്കോളാം എന്ന് വെച്ചു.
പോയി ,പക്ഷേ ഒന്നും കളഞ്ഞില്ല ...കളയാൻ തോന്നിയില്ല എന്ന് വേണം പറയാൻ...
 ആ പോക്ക് എൻറെ ജീവിതത്തിൽ എന്തെങ്കിലും മാറ്റം കൊണ്ടുവന്നോ എന്ന് ചോദിച്ചാൽ എനിക്ക് തീർച്ചയായും പറയാൻ കഴിയും എവിടെയോ ഒരു നുറുങ്ങുവെട്ടം പോലെ എന്നെ ആ യാത്ര സ്വാധീനിച്ചിട്ടുണ്ടെന്ന്.

പണി നടന്നു കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിന് മുന്നിലാണ് വണ്ടി ചെന്നുനിന്നത് ഓരോരുത്തരായി ഇറങ്ങി ലൈൻ ആയി നിന്നു.
പണി നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ഇടുങ്ങിയ ഇടവഴിയിലൂടെ 
നടക്കുമ്പോൾ മരുന്നുകളുടെ രൂക്ഷ  ഗന്ധം
 മനം പുരട്ടി വന്നു.

എല്ലാവരും പരസ്പരം നോക്കുന്നുണ്ട്.
പക്ഷേ ആരുമൊന്നും മിണ്ടിയില്ല.

ഒരു നീണ്ട നടത്തത്തിനൊടുവിൽ സെക്യൂരിറ്റിയുടെ മുമ്പിലെത്തി.  അയാള് പാസ്സ് ചോദിച്ചില്ല.
ഞങ്ങളൊട്ടു കൊടുത്തതുമില്ല.


അവിടെയുള്ളവരൊക്കെ പുറത്തുള്ളവരെ കാത്തിരിക്കുകയാണത്രെ....
സ്റ്റെപ് കയ റി ചെന്നിട്ടും നടക്കേണ്ടി വന്നു.
ഒരു ബോർഡ്.

*മരിയ സദനം*
( മറ്റുള്ളവരാൽ ഉപേക്ഷിക്കപ്പെട്ട മാനസിക രോഗത്തിന് അടിമയായി  മാറിയ വരെ സംരക്ഷിക്കുന്ന ഒരു സ്ഥലമാണ്)

നിങ്ങളീപ്പറയുന്ന സ്ഥലത്തേക്ക് ഒരു വട്ടമെങ്കിലും പോകണം.
ആ സമയത്തെ നിസ്സഹായത അക്ഷരങ്ങൾ കൊണ്ട് പറയാനാവില്ല.

താഴിട്ട പൂട്ടുകൾ അഴിഞ്ഞു. 
കുറച്ചുപേർ ഗ്രില്ലിൽ മൗനം വരച്ചിട്ടപ്പോൾ കുറച്ചപ്പുറത്തേക്ക് മാറി വേറെ ചിലർ അട്ടഹാസം കൊണ്ട് അലമുറയിടുന്നു.
തലയിണ നിലത്തേക്കടിക്കുന്നവർ, പല്ല് കടിച്ചുപിടിച്ച് ദേഷ്യമുണ്ടാക്കുന്നവർ, നഴ്‌സിനെ ഉപദ്രവിക്കുന്നവർ... അങ്ങനെ അങ്ങന

വീര്യത്തിനനുസരിച്ചു അവരെ പലതായി തിരിച്ചിരിക്കുന്നു. തീർത്തും ഒച്ചയില്ലാത്ത ഒരിടത്തേക്കാണ് ഞങ്ങൾ ചെന്നത്. 
നേരത്തെ കഴിഞ്ഞ ഇൻജെക്ഷനിൽ മായങ്ങിപോയവർ,


ഒരായിരം ചിന്തകളുടെ കുരുക്കഴിച്ച, കൂട്ടുകർക്കിടയിലെ 'ഗുളിക മാറി കഴിച്ചോ' 'വട്ടാണോ അതോ വട്ടായിട്ട് അഭിനയിക്കുകയാണോ' തുടങ്ങിയ തമാശ കലർന്ന നിസാര ചോദ്യങ്ങളിൽ പോലും എന്റെ മനസുടക്കി നിന്ന നിമിഷങ്ങൾ....


കുറച്ചു കൂടി മുന്നോട്ട് ചെന്നപ്പോൾ,നിർ വികാരമായ അനേകം ചിരികളാണ് ഞങ്ങളെ വരവേറ്റത്.

സുഖ വിവരം അന്വേഷിച്ചു അവരിൽ ഒരു സ്ത്രീ അടുത്തേക്ക് വരുംതോറും ഞാൻ പിന്നിലേക്ക് വലിഞ്ഞു.

അവരെ കണ്ടപ്പോൾ കട്ടിലിലേക്ക് ഇരിക്കാൻ തോന്നിയ നിമിഷത്തെപ്പോലും അറിയാതെ  പഴിച്ചു.

പെട്ടെന്ന് അവരെന്നെ എന്തെങ്കിലും ചെയ്തു പോയാലോ എന്നുള്ള ഭയമായിരുന്നു ഉള്ളു നിറയെ..



കട്ടിലിന്റെ അറ്റത്തെ ഇരുമ്പ് കമ്പിയിൽ അമർത്തി പിടിച്ചു. 
എനിക്ക് വേദന തോന്നി, കൈ മുറിഞ്ഞേക്കുമോയെന്നു ഭയന്നു. 
ഇരിക്കണമോ?
എഴുന്നേൽക്കണമോ?
 ഒരു മനുഷ്യ ജീവിയെയാണ് ഞാനിത്ര പേടിക്കുന്നതെന്നോർത്തപ്പോൾ 
എന്തെന്നില്ലാത്ത ഒരു കുറ്റബോധം വേട്ടയാടി.

 എൻറെ കൂടെയുള്ള ചിലർ ചിലരെ കെട്ടിപ്പിടിക്കുന്നതും ആശ്വസിപ്പിക്കുന്നത് ഒക്കെ എനിക്ക് കാണാമായിരുന്നു.

എന്റെ പരുങ്ങല് കണ്ടിട്ടാണോ എന്നറിയില്ല

"ഇവരൊക്കെ രോഗം മാറിയിട്ടും ,വീടുണ്ടായിട്ടും
വീട്ടിലേക്ക് ചെല്ലണ്ട എന്ന് പറഞ്ഞ് എല്ലാവരും കയ്യൊഴിഞ്ഞവരാണ്.ഉപദ്രവകാരികളല്ല"
എന്ന്

ഞങ്ങളോടൊപ്പമുണ്ടായിരുന്ന അവിടുത്തെ ഒരു നടത്തിപ്പുകാരൻ നേർത്ത സ്വരത്തിൽ പറഞ്ഞപ്പോൾ ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടിക്കരയാൻ കൊതിച്ചു പോയി ഞാൻ.

സമത്വവും തുല്യതയുമല്ല, സ്നേഹമാണ്
മനുഷ്യർക്ക് ആവശ്യം.

ഓരോരുത്തരും ഇവിടെയെത്തിയത് എങ്ങനെയാണ്...?
ആരാണവരെ രോഗിയാക്കിയത്?

പല കാരണങ്ങളായിരുന്നു കണ്ണ് നിറച്ചവർ പങ്കുവെച്ചത്.

ചേർത്തു നിർത്തേണ്ടവർ വികാരങ്ങൾക്ക് പിന്നാലെ നാട് വിടുമ്പോൾ നിങ്ങൾ സൃഷ്ട്ടിച്ച  കുസുമങ്ങൾക്ക് ആരാണ് സമാധാനം പറയുക...?

എപ്പോഴുമൊരു പുരുഷ കേന്ദ്രീകൃതമായ വ്യവസ്ഥയാണ് ദാമ്പത്യമെന്നു പറഞ്ഞു വെച്ചതാരാണ്..?

 മക്കളുടെ പ്രായം പോലുമറിയാത്ത മക്കളെ കാണാൻ കൊതിക്കുന്ന പതറിപ്പോയ പ്രായമായ ഒരു സ്ത്രീയുടെ മുഖമാണ് എന്നെ വീണ്ടും വീണ്ടും എഴുതിപ്പിക്കുന്നത്.

 ഞാനവിടെ കണ്ടവരിൽ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഉൾപ്പെട്ടിരുന്നു

 കണ്ട് കാഴ്ചകൾക്കപ്പുറം എൻറെ ഹൃദയം അലമുറയിട്ടു തുടങ്ങിയിരുന്നു.

 കുറച്ചു സമയത്തിനകം തന്നെ ആ ഞങ്ങളെല്ലാവരും അവർക്ക് ഏറ്റവും പ്രിയപ്പെട്ട ആരൊക്കെയോ ആയി മാറിയിരുന്നു.
 പിന്നീടുള്ള മരിയസദനം ത്തിൻറെ കാഴ്ചകളിലേക്ക് ഞങ്ങളെ നയിച്ചത്  അവരായിരുന്നുരുന്നു. ഓരോ സെല്ലിന്റെ മുന്നിലും എത്തി  എന്തുകൊണ്ടാണ് ഇവിടെ വന്നത് എന്നുള്ള കഥകൾ അവർ വിശദീകരിക്കുമ്പോൾ എല്ലാകണ്ണുകളും ഒരുപോലെ നിറഞ്ഞൊഴുകി.

 ചെറിയ ചെറിയ സങ്കടങ്ങൾ മനസ്സിലിട്ട് ഊതിപ്പെരുപ്പിച്ച് ഈ ലോകത്തെ ഏറ്റവും നിർഭാഗ്യവതി ഞാനാണ്  എന്ന് ചിന്തിച്ചിരുന്ന ഞങ്ങളിൽ  ചിലർ നമുക്ക് എന്താണ് കുറവ് എന്ന് ചിന്തിച്ചു തുടങ്ങി.

 വഴിയരികിൽ നമ്മളൊക്കെ കഴിച്ചു ഉപേക്ഷിച്ച എച്ചിൽ പൊതികളിൽനിന്ന് അന്നം തേടുന്നവറായിരുന്നു അവരിൽ പലരും

വിശപ്പിനെ കുറിച്ച് മാത്രം ചിന്തിക്കുന്നവർ

  വഴിയരികിൽ നിന്ന് അവരെയൊക്കെ കൂടെ കൂട്ടി ഈ സ്ഥാപനത്തിൽ എത്തിച്ച് പലരെയും ഒന്ന് കുളിപ്പിച്ച് മുടി വെട്ടി വൃത്തിയാക്കി എടുത്തതാണ്.

 നിരന്തരമായ പരിശ്രമങ്ങളുടെയും സ്നേഹ പരിലാളനകളുടെയും കൃത്യമായ ശുശ്രൂഷ യുടെയും ഫലമായി അവരിൽ പലരും ഇപ്പോൾ രോഗം ഭേദമായ വരാണ്.

 ശേഷം ഞങ്ങളെ എല്ലാവരെയും ഒരു ഓഡിറ്റോറിയത്തിൽ നിരത്തി ഇരുത്തി ഞങ്ങൾക്കെല്ലാവർക്കും ഭക്ഷണം  വിളമ്പി.
 ആ ഭക്ഷണം ഞങ്ങൾ വരും എന്ന് കേട്ടപ്പോൾ വളരെ ആവേശത്തോടെ കൂടി അവിടുത്തെ അന്തേവാസികൾ തന്നെ തയ്യാറാക്കിയതാണ് എന്നറിഞ്ഞപ്പോൾ മനസ്സിൽ നിന്നുണ്ടായ വികാരം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്


 ആ ഭക്ഷണത്തിലെ ഓരോ വിഭവങ്ങളുടെയും സ്വാദ് എടുത്തുപറയേണ്ട തന്നെയായിരുന്നു

 ഉച്ചയ്ക്ക് ശേഷം അവിടുത്തെ തന്നെ അന്തേവാസികളെ വെച്ച് നടത്തുന്ന ഒരു  ഒരു ബാൻഡ് അവരുടെ പാട്ടുകളും ഡാൻസുകളും ഒക്കെ ആയി ഒരു ഉത്സവ പ്രതീതി...

 ഇനി എവിടെയെങ്കിലും ഏതെങ്കിലും പരിപാടികൾ നിങ്ങൾ സംഘടിപ്പിക്കുന്ന ഉണ്ടെങ്കിൽ ഞങ്ങളുടെ ബാൻഡിനെ തീർച്ചയായും വിളിക്കണമെന്ന് പറഞ്ഞാണ് വൈകിട്ട് അവർ ഞങ്ങളെ യാത്രയാക്കിയത്

ഒരു നിമിഷം മതി മനുഷ്യ മനസ്സിന്റെ താളം തെറ്റാൻ..

പ്രത്യേകിച്ചും സ്ത്രീകളിൽ...

സഞ്ജീവ് കുമാർ മിത്രയുടെ കൈകളിൽ നിന്നു മോചനം നേടാനുള്ള 
ചേതനയുടെ ഉൾക്കരുത്തിന്റെ അല്പമെങ്കിലും എല്ലാ സ്ത്രീകളുടെയും ഉള്ളിന്റെയുള്ളിൽ ഉണ്ടായിരിക്കണമെന്നു എനിക്ക് തോന്നി.
വേദന മുഴച്ച അപൂർണ്ണമായ ആ ചിരികൾ പിന്നെ,
 എന്താണ് എന്നെ പഠിപ്പിച്ചത്...?


Comments